Friday 27 September 2013

സ്നേഹം സകലതുമാണ്


സ്നേഹം വാചാലമാണ്
പക്ഷെ നിശ്ശബ്ദമാണ്
ഒരു നോട്ടത്തിലുണ്ടത്,
ചിലപ്പോളൊരു വാക്കിലും,
ഒരു നിശ്വാസത്തിലും,
അങ്ങു ദൂരേയ്ക്കുള്ളൊരു നോക്കിലും.

സ്നേഹം ചിലപ്പോള്‍ ശ്രദ്ധയാണ്
ചിലപ്പോളതശ്രദ്ധയും,
സ്നേഹം ചിലപ്പോള്‍ സ്നേഹമാണ്
മറ്റു ചിലപ്പോളതു വെറുപ്പും
വെറുപ്പു മുറ്റി സ്നേഹമുണ്ടാകുന്നു,
സ്നേഹം മൂത്ത് വെറുപ്പും.

സ്നേഹമൊരു വിങ്ങലാണ്
ചിലപ്പോളതാശ്വാസവും.
ചിലപ്പോളൊരു കൈത്താങ്ങും
ചിലപ്പോളതൊരു ഭാരവും

സ്നേഹം ജീവിയ്ക്കാനൊരു ചോദനയാണ്
ചിലപ്പോള്‍ മരിയ്ക്കാനൊരു കാരണവും
ചിലപ്പോളതു ചപലമാണ്
ചിലപ്പോള്‍ ശക്തിയും

ഉയര്‍ച്ചതാഴ്ചകളാണ് ജീവിതം
നിശ്ചലമായാലത് മ്രിതമാവും
സ്നേഹമമ്രിതമാണ്
അമരവുമനശ്വരമാണ്.

കാത്തിരിപ്പാണ് സ്നേഹം
സ്നേഹത്തില്‍ ‘ഞാന്‍’ ഇല്ല,
ഉള്ളതെല്ലാം ‘നീ‘ മാത്രം.
നിബന്ധനയില്ല, നിര്‍ബന്ധമില്ല,
ദിക്കു കെട്ടൊരു പ്രവാഹമാണത്.

സ്നേഹത്തില്‍ നീ വിധാതാവും
ഞാന്‍ വിധേയനുമാണ്
ഞാനൊരൊഴുക്കും
നീയെന്റെ തീരങ്ങളുമാണ്.

മൌനത്തില്‍ സ്നേഹം വിതയ്ക്കും
കാത്തിരിപ്പിലതു മുളയ്ക്കും
സമര്‍പ്പണത്തിലതു തഴയ്ക്കും
സര്‍വ്വസ്വീകാരത്തിലതു പൂക്കും.
അനന്തതയായതു പരക്കും.

26/09/2013


നിരാസം സ്വീകാരമാവുംബോള്‍


നിരാസം സ്വീകാരമാവുംബോള്‍

വെറുപ്പിന്റെ പുഴുക്കള്‍

സ്നേഹത്തിന്റെ വര്‍ണ്ണച്ചിറകിലേറി

യൂരു ചുറ്റും.

പിന്നെന്നും കല്ലേറിനു പകരം

പൂമാല മാത്രം.



നിരാസം സ്വീകാരമാവുംബോള്‍

ചെളി വളമാകും,

ജലം ശ്വാസം മുട്ടിക്കാതെ

പ്ലവനതത്വം പടിപ്പിക്കും,

ജലത്തിനു മേലുയര്‍ന്ന്

പിന്നെ നനവു കിനിയാത്ത

പൂവു മാത്രം.





നിരാസം സ്വീകാരമാവുംബോള്‍

വലിയൊരു രൂപാന്തരണം നടക്കും,

പുഴുവില്‍ നിന്നും ശലഭവും

ചെളിയില്‍ നിന്നും ലില്ലിപ്പൂവും

വെറുപ്പില്‍ നിന്നും സ്നേഹവും

എന്നിങ്ങനെ അത്ഭുതങ്ങള്‍ മാത്രം.



എന്നാലൊരു വ്യവസ്ഥ മാത്രം:

നിരാസത്തിന്റെ കൂടു വിട്ട്

സര്‍വ്വസ്വീകാരത്തിന്റെ കൂട്ടിലേറിയാല്‍ മാത്രം!

25/09/2013

Sunday 1 September 2013

പ്രകാശത്തിന്റെ വഴി




ഞാന്‍ ചോദിച്ചു : “ എന്റെ കണ്ണുകളെപ്പറ്റി എന്തു പറയുന്നു?”

അവന്‍ പറഞ്ഞു, അവ നിന്റെ പാതയിലുറപ്പിച്ചു നിര്‍ത്തുക.



“എന്റെ വികാരങ്ങളോ?”

അവ എരിഞ്ഞു കൊണ്ടിരിക്കട്ടെ,



“അപ്പോള്‍ എന്റെ ഹ്രിദയം?” 

അതിനുള്ളിലെന്താണെന്നു പറയൂ,

“വേദനയും ദു:ഖവും!”



അപ്പോള്‍ അവന്‍ പറഞ്ഞു:

“അങ്ങിനെ തുടരുക,

മുറിവുകളാണ് നിന്നിലേയ്ക്കുള്ള പ്രകാശത്തിന്റെ വഴി!”

--റുമി‌--


Saturday 31 August 2013

11. ഉഷ്ണമഴ


മഴതാളം കേള്‍ക്കുംബോള്‍
ദ്രുതതാളം ഹ്രിദയത്തില്‍
ഒരു തീച്ചൂടുണരുന്നു
ദഹനാംശം തിരയുന്നു.

സിരകള്‍ കാട്ടില്‍ പടരും
അതിബലമാം ലതകള്‍ പോല്‍
പിണയാനൊരു ഗതി തേടൂ
അഹമിഹയാ കുതികൊള്‍വൂ

ജലധൂളിയില്‍ മഴവില്ലുകള്‍
പ്രണയത്തിന്‍ നിറമേറ്റേ
ഗതകാലം നല്‍ സ്മ്രിതിയാ-
യുള്ളില്‍ തിറ പാടുന്നു.

ശീതക്കാറ്റുടനെത്തീ-
യുള്‍ച്ചൂടു കുളിര്‍ക്കാനായ്
ചെറുരോമച്ചുവടുകളില്‍
വിടവുകളില്‍ മുകരുന്നു.

ജ്രിംഭിയ്ക്കും മെയ്മുകളില്‍
മൂടാന്‍ മറുമെയ്യില്ലാ-
തലയുന്നു മനോമുകുരം
പിടയും ദുര്‍ബലഗാത്രം.

മിന്നലുകള്‍ കുഴമണ്ണില്‍
പുതുപാത തുറക്കുംബോള്‍‍
മഴനീരതി ദ്രുതഗതിയില്‍ 
ഭൂഗര്‍ഭമണയ്ക്കുംബോള്‍.

ചിന്തകളെന്‍ നെഞ്ചുള്ളില്‍
ഇടമുറിയാതെ കിതയ്ക്കുംബോള്‍
ശയ്യയിലെന്‍ തപഗാത്രം
നീരാവിയുതിര്‍ക്കുംബോള്‍

എവിടെവിടെ പ്രിയസഖി നീ
പതയുന്നെന്‍ കാമനകള്‍
വിരഹത്തിന്‍ മരുമണലില്‍ 
ചുടുമഴയായ് പെയ്തുറയാന്‍.


(19/08/1998)

Wednesday 28 August 2013

10.കവി

ചെയ്യുന്നതെല്ലാം തെറ്റും
ചൊല്ലുന്നതെല്ലാം പിഴവും
കാണുന്നതെല്ലാം കനവും
ഓര്‍ക്കുന്നതെല്ലാം ഭ്രാന്തും:
കവിലക്ഷണമിതെങ്കില്‍
ഞാനെന്നേ കവിയായി!


25 / 06/ 1998 


Wednesday 21 August 2013

9. കള്ളവോട്ട്.

വോട്ടെന്നാല്‍:
നെയ്യപ്പം പോലെയും
നെല്ലരി പോലെയും
ആളെണ്ണം കൂടിയാല്‍
തീരുന്ന സാധനം!

വോട്ടു കൊടുക്കുവാന്‍
നേരത്തെ പോകണം,
നേരം വൈകിയാല്‍
ആളൊട്ടു മാറിയാല്‍
ആരുണ്ടു വോട്ടിന്റെ
ഈച്ചയടിയ്ക്കുവാന്‍?

ആര്‍ത്തി പെരുത്തവര്‍,
അധികാരക്കൊതിയിട്ടച്ചവര്‍,
ആരാന്റെ വോട്ടെല്ലാം
വെട്ടി വിഴുങ്ങുംബോള്‍
കണ്ടില്ല ഞാനെന്ന
ഭാവം നടിയ്ക്കുന്നു,
പാറാവു ജോലിയില്‍
കാക്കി ധരിച്ചവര്‍!

ഇതു ജനാധിപത്യത്തിന്‍
പദസേവയാകുന്നു,
വോട്ടിന്റെ പേരിലീ
പാഴ്നട വേണ്ടിനി.

വോട്ടിന്റെ കുത്തക 
പാര്‍ട്ടിക്കു നല്‍കുക,
സ്വസ്ഥമായ് ടീവീയ്ക്കു 
മുന്നിലിരിയ്ക്കുക.
ഭരണം നടത്തുവാന്‍
നെഞ്ചൂക്കുണ്ടെങ്കില്‍
ഭരണം പിടിയ്ക്കുവാന്‍
കയ്യൂക്കു വേണ്ടയോ!


( 28/ 06/ 1998)


8. പെരുമഴ

പള്ളിക്കൂടം വിട്ടിറങ്ങുന്ന
ഇത്തിരിക്കുഞ്ഞന്മാരുടെ ആരവത്തോടെ,
ഇരംബിയാര്‍ത്തു കുതിച്ചിറങ്ങുന്ന
വിമാനം പോലെ,
പെട്ടെന്നുയര്‍ന്നു തലയ്ക്കുമീതേ പതിയ്ക്കുന്ന
തിരമാല പോലെ,
കെട്ടുവിട്ട നിയന്ത്രണം പോലെ,
പട്ടാളച്ചിട്ടയില്‍...
നേര്‍വരയില്‍...
നിരന്നു മുന്നേറുന്ന പെയ്ത്തുയാത്ര--
പെരുമഴ!


(25/ 06/ 1998)