ഒരു പഴയ കഥയാണ്. 1998 മാര്‍ച്ച് മാസം 7 തീയതിയ്ക്ക് അന്നത്തെ നാട്ടുകൂട്ടരുമായി ചേര്‍ന്ന് ഗ്രാമത്തില്‍ നിന്നു നോക്കിയാല്‍ കാണാവുന്ന കിഴക്കുള്ള സഹ്യപര്‍വതനിരയില്‍ തലയെടുപ്പോടെ നിന്നിരുന്ന ഒരു ശ്രിംഗത്തില്‍ കയറിപ്പറ്റിയ കഥാവിവരണം ഈയിടെ കണ്ടുകിട്ടി. വായിച്ചപ്പോള്‍ കൊള്ളാമെന്നു തോന്നി. അതിനി ഇവിടെ സംരക്ഷിച്ചേയ്ക്കാം എന്നു കരുതുന്നു. ഇവിടെയാവുംബോള്‍ ചിതലരിക്കില്ല, പൊടി പിടിക്കില്ല, പൂപ്പല്‍ പിടിക്കില്ല.
അത്തരമൊരു സുരക്ഷാസ്ഥാനമാണിത്!
ഇനിയും വായിയ്കണമെന്നു തോന്നുന്നെങ്കില്‍ സ്വാഗതം.
ഒരു മലകയറ്റത്തിന്റെ ഓറ്മ്മയില്‍.
രാവിലെ ബിജുവിന്റെ വീട്ടിലെത്തിയപ്പോള്‍ പഞ്ഞിത്താടി വടിച്ചു കുട്ടപ്പനായ അയാളുടെ അഛന്‍ മാത്രം. കുറേക്കഴിഞ്ഞപ്പോള്‍ ബിജുവും സ്നേഹിതനും വന്നു. മരച്ചീനി, കോഴി തുടങ്ങിയവയെല്ലാം പായ്ക്കറ്റുകളാക്കി. പിന്നെ യാത്ര. യാത്രികര്‍ അഞ്ചുപേര്‍.
ആറ്റിനക്കരെ വെയിലിനു സൂചിമുനയുള്ളതായി തോന്നി. ചിലര്‍ തലച്ചുമടു കൊണ്ടു വെയില്‍ രക്ഷ നേടി. എനിക്കു കിട്ടിയതു ഇഡ്ഡലിപ്പാത്രത്തിന്റെ അടപ്പായിരുന്നു. വെയില്‍ മൂത്തു കിടന്ന കാട്ടിലൂടെ നടക്കുംബോള്‍ വഴിയില്‍ നിന്നും രണ്ട് ആദിവാസി യുവാക്കള്‍ കൂടെച്ചേര്‍ന്നു. വഴികാട്ടികള്‍ അവരാണ് . തീയില്‍ നിന്നും വനത്തെ രക്ഷിക്കാനുള്ള ഫയര്‍്ലൈനുകള്‍ക്ക് ചരിവു കൂടിയപ്പോഴേ ക്ഷീണം പിടികൂടുന്നതായി തോന്നി. പക്ഷെ അകലെ എടുത്തു പിടിച്ചു നിന്ന കോട്ടമലയെത്താന്‍ അക്ഷീണയത്നം തന്നെ വേണ്ടിയിരുന്നു.
ഈറക്കാടുകളാണ് കുറുക്കുവഴിയെന്ന് വഴികാട്ടികള്‍ നിര്‍ദ്ദേശിച്ചു. അതു പക്ഷേ കടിനമായിരുന്നു. സാക്ഷാല്‍ മലകയറ്റം. മുന്നില്‍ പാത കുത്തനെ നിന്നു. അതിനോട് ചേര്‍ന്നു നിന്ന ഈറക്കാടുകള്‍ താങ്ങുകളായി. ഒടുവില്‍ നിരപ്പിലെത്തിയപ്പോള്‍ ഇരിക്കാന്‍ മുട്ടിപ്പോയി. ഒരാള്‍ ക്യാമറ കാട്ടി കൊതിപിടിപ്പിക്കാന്‍ നോക്കിയിട്ടും പോസു ചെയ്യാനൊന്നും തോന്നിയില്ല. പോസു ചെയ്തതു ദോശപ്പൊതികളഴിക്കാനാണ് . ദോശയ്ക്കും ചമ്മന്തിക്കറിയ്ക്കും കിടിലന്‍ രുചി തോന്നി.
അടുത്ത ചുവടുവയ്പ് വെയില്‍ പഴുത്തു കിടന്ന മൊട്ടക്കുന്നിലേക്ക്. അപ്പോഴേയ്ക്കും അന്തിമ ലക്ഷ്യമായ കോട്ടമല നേര്‍ക്കുനേരേ വന്നു. അതിലേയ്ക്കു നോക്കി നടന്നു കാലു തട്ടിയപ്പോള്‍ ആരോ പറഞ്ഞു: “കാലു കഴയ്ക്കുന്നു, അല്പം വിശ്രമിയ്ക്കാം.” വെയില്‍ക്കാട്ടിലെ വിശ്രമം ആശ്വാസകരമായില്ല. വീണ്ടും നടന്നു. മുന്നില്‍ നരച്ച പുല്ലു തിങ്ങിയ കുന്നിന്‍ ചരിവും രണ്ടു മലകളുടെയും ഇടുക്കില്‍ തിങ്ങി നിന്ന മരങ്ങളുടെ പച്ചപ്പും. കുന്നിന്റെ അങ്ങേച്ചെരുവിലൂടെ ഇങ്ങോട്ടു കയറി വന്ന മലകയറ്റക്കാര്‍ക്കു വഴിയൊഴിഞ്ഞ് മലയിടുക്കിലെ പച്ചപ്പിലേക്കു നടന്നു.
ദാഹജലം അത്യാവശ്യമായിരുന്നു. ഇടുക്കുകളില്‍ ഈര്‍പ്പമുണ്ടാകുമെന്ന് എന്തുകൊണ്ടോ എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ നിരാശപ്പെടേണ്ടി വന്നു. ഒരു കാട്ടരുവിയുടെ ഗതകാലചിത്രം മാത്രമേ കാണാനായുള്ളു. പിന്നെ ആ വരണ്ട ചാലിലൂടെ കുറെ താഴേയ്ക്കു നടന്നു. അപ്പോള്‍ ചെറിയ നീര്‍ക്കുളങ്ങള്‍ കണ്ടു. അവയില്‍ കെട്ടിക്കിടന്നു കൊതുകുകുട്ടികള്‍ പെരുകിയ കറുത്ത വെള്ളം കുടുകുടെ കുടിച്ച് ദാഹം തീര്‍ത്തു.
പിന്നെ കോഴിപ്പണി. പായ്ക്കു ചെയ്തു കൊണ്ടു വന്ന കോഴികളുടെ ശവം കഷണിച്ച് അടുപ്പത്തു കയറ്റി. കുറേപ്പേര്‍ മരച്ചീനി തൊലിച്ചു മുറിച്ചെടുത്ത് മറ്റൊരടുപ്പില്‍ അവിയ്ക്കാന്‍ വച്ചു. മലയിറങ്ങും വരെ പിടിച്ചു നില്‍ക്കേണ്ടത് ഈ ഭക്ഷ്യവിഭവങ്ങളിലാണ് .
ഒടുവില്‍ പാത്രങ്ങള്‍ അടുപ്പില്‍ നിന്നിറക്കിയപ്പോള്‍ ഇറച്ചി പുകഞ്ഞു പോയി; മരച്ചീനി കരിഞ്ഞ് അടിയിലൊട്ടി. പക്ഷേ വിശപ്പിനു നാക്കും മൂക്കുമില്ലായിരുന്നു. പട്ടി തിന്നും പോലെ വെട്ടി വിഴുങ്ങി. വിശപ്പടങ്ങി കാഴ്ച ശക്തി തിരിച്ചു കിട്ടിയപ്പോള്‍ കൂട്ടരില്‍ ചിലര്‍ വെള്ളം തേടി കുപ്പികളുമായി ചാലിലൂടെ താഴേക്കു നടന്നു. ഇറച്ചിയുടെയും മരച്ചീനിയുടെയും ബാക്കിയ്ക്ക് കാവല്‍ക്കാരന്‍ ചമഞ്ഞ് ഞാനവിടെത്തന്നെ കൂടി. ഒറ്റയ്ക്കായപ്പോള്‍ ചാലിനു കുറുകെ വീണു കിടന്ന ഒരു മരത്തിന്റെ ഉള്‍പ്പോടില്‍ ഞെരുങ്ങിക്കിടന്ന് ചെറുതായി മയങ്ങി. ഉണര്‍ന്നപ്പോള്‍ ഉന്മേഷന്‍! പിന്നെ സഹയാത്രികര്‍ക്കൊപ്പം ഭാണ്ടം മുറുക്കി സൂര്യന്‍ തലയൊളിപ്പിക്കാന്‍ തുടങ്ങിയ പടിഞ്ഞാറേ മൊട്ടയിലേയ്ക്കു നടന്നു കയറി. തൊട്ടുപിന്നില്‍ കിഴക്കതിരായി കുത്തനെ നില്‍ക്കുന്ന കോട്ടമല പിറ്റേന്നത്തേക്കുള്ളതാണ്.
പടിഞ്ഞാറെ മൊട്ടയില്‍ അസ്തമയം കാണാന്‍ പറ്റിയില്ല. ആകാശത്ത് മേഘത്തിന്റെ നേര്‍ത്ത ഒരു പാളി. പരിക്ഷീണനാകുന്തോറും സൂര്യന്‍ അദ്രിശ്യനായി വന്നു. പിന്നെ മൊട്ടക്കുന്നിന്റെ മേല്‍നിരപ്പിലങ്ങോളമിങ്ങോളം താഴ്വരക്കാറ്റേറ്റു നടന്ന് താഴെ കാണപ്പെട്ട ഭൂരൂപങ്ങളെ മനസാ വേര്‍തിരിയ്ക്കാന്‍ ശ്രമിച്ചു നോക്കി. ബിജുവിന്റെ സ്നേഹിതന്‍ ഇല്ലാത്ത വെയിലിനെ ഒരു കണ്ണാടിച്ചില്ലിലാവാഹിച്ച് താഴ്വരയിലേക്കയയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. മറ്റൊരാള്‍ ഉടുത്തിരുന്ന വെളുത്ത മുണ്ടഴിച്ചു ചുഴറ്റി താഴ്വരയിലെ മനുഷ്യജീവികളുടെ ശ്രദ്ധ ക്ഷണിയ്ക്കാന്‍ പെടാപ്പാടുപെട്ടു. പിന്നില്‍ എല്ലാത്തിനും നിശ്ശബ്ദ സാക്ഷിയായി ഒരു അതിമാനുഷനെപ്പോലെ കോട്ടമല!
സന്ധ്യ മയങ്ങിയപ്പോള്‍ ഒരു പരന്ന പാറയില്‍ കിഴക്കോട്ടു തിരിഞ്ഞിരുന്നു. കോട്ടമല ഇരുളിനെ സ്വീകരിക്കുന്നതു നേരിട്ടു കാണണമെന്നായിരുന്നു മനസ്സില്‍. അപ്പോഴാണ് സ്നേഹിതന്മാര്‍ അതുവരെ അമര്‍ത്തിയടച്ചു വച്ചിരുന്ന അനുഭവച്ചെപ്പുകള്‍ തുറന്നത്! പലതും ബീഭത്സമായ വിവരണങ്ങള്‍! വിരക്തി തോന്നി മലയുടെ നേര്‍ക്കു തിരിഞ്ഞപ്പോഴേക്കും ഇരുട്ട് മലയ്ക്കു മീതെ അമര്‍ന്നുകഴിഞ്ഞിരുന്നു.
രാത്രി വിചിത്രമായിരുന്നു.
വെണ്മേഘത്തിന്റെ തട്ടിനുമപ്പുറം ചന്ദ്രപ്രകാശം മാത്രം. അത് ആകാശത്തെ വെളുത്ത മേല്‍കൂരയായി നിന്നു. താഴെ അരണ്ട വെളിച്ചത്തില്‍ അമാനുഷനായ കോട്ടമലയുടെ തലയെടുപ്പ്. ഇങ്ങേ മലയില്‍ പാറാവുകാരായി കൂറ്റന്‍ പാറകള്‍. ഇരുമലകള്‍ക്കുമിടയിലെ വ്രിക്ഷത്തുരുത്ത് ഇരുണ്ട നിഗൂഡതയായി. അങ്ങനെ നോക്കിയിരിയ്ക്കേ കണ്ടു, മാനത്തു നിന്നും മൂടല്‍മഞ്ഞ് താഴേയ്ക്ക് ഊര്‍ന്നിറങ്ങുന്നത്!
താഴ്വരയിലേയ്ക്കിറങ്ങി മുകളിലേയ്ക്കു പതഞ്ഞു കയറുന്ന പുകമഞ്ഞ്! നിമിഷങ്ങള്‍ക്കകം മറ്റൊരു ടൈറ്റാനിക് പോലെ കോട്ടമല മഞ്ഞില്‍ പുതഞ്ഞുതാണു !
ഇക്കരെ പരന്ന പാറയുടെ ഇളം ചൂടില്‍ സ്വപ്നങ്ങള്‍ നെയ്യുകയാണ്‍ സഹയാത്രികര്‍. എനിയ്ക്കുറക്കം വന്നതേയില്ല. അക്കരെ മലയില്‍ മഞ്ഞിന്റെ കേളികള്‍ നോക്കിയിരുന്നു. കുറേക്കഴിഞ്ഞപ്പോള്‍ തണുത്ത കാറ്റ് താഴെ നിന്നും വീശിക്കയറി വരുന്നതറിഞ്ഞു. ഒരു ഞെക്കുവിളക്കെടുത്ത് താഴേയ്ക്കു തെളിച്ചുനോക്കി. താഴ്വരയുടെ അഗാധതയില്‍ നിന്നും എന്റെ കൈയിലെ ഞെക്കുവിളക്കു വരെ വന്നു ചേരുന്ന ഒരു വെളുത്ത ദണ്ഡായി മൂടല്‍മഞ്ഞു പ്രത്യക്ഷപ്പെട്ടു. നാലുപാടും ടോര്‍ച്ച് നീട്ടി. എല്ലായിടത്തും മഞ്ഞുദണ്ഡു പ്രത്യക്ഷമായി.
മൂടല്‍മഞ്ഞ് താഴ്വാരം വഴി മുകളിലേയ്ക്കിഴഞ്ഞു കയറുകയാണ് ! ഉറങ്ങാത്ത ഇരയെ വലം വച്ചു കാത്തുനില്‍ക്കുന്ന ഹിംസ്രജന്തുവിന്റെ കൌശലത്തോടെ മഞ്ഞ് ഞങ്ങളെ വലയം ചെയ്തു നിന്നു. കൂട്ടത്തില്‍ ആദ്യമുണറ്ന്നയാളോട് ഞാനുറങ്ങാത്തതുകൊണ്ടാണ്‍ മഞ്ഞ് ശങ്കിച്ചു നില്‍ക്കുന്നതെന്നു തമാശ പറഞ്ഞു. പക്ഷേ അതു കേട്ടതായിപ്പോലും ഭാവിയ്ക്കാതെ അയാള്‍ തിടുക്കത്തില്‍ മറ്റുള്ളവരെ വിളിച്ചുണര്‍ത്തി.
ഉറക്കച്ചടവോടെ ഓരോരുത്തരും തുണിയില്‍ പൊതിഞ്ഞ കെട്ടുകാഴ്ചകളെപ്പോലെ എഴുന്നേറ്റ് അങ്ങേച്ചെരുവിലെ ഒരു പാറമടയിലേയ്ക്കു നീങ്ങി. ഒടുവിലായി അവരെ അനുഗമിയ്ക്കുംബോള്‍ പിന്നിലേയ്ക്കു ടോര്‍ച്ച് വീശിനോക്കി.
ഞങ്ങള്‍ വിശ്രമിച്ചിരുന്ന പരന്ന പാറ മഞ്ഞിനടിയിലായിക്കഴിഞ്ഞിരുന്നു!
പാറമടയില് അടുത്തു കിടക്കുന്നതാരെന്നുപോലും ശ്രദ്ധിയ്ക്കാതെ ഓരോരുത്തരും അവരവരുടെ ആവരണത്തിലേയ്ക്ക് മുരണ്ടൊതുങ്ങി. പുകമഞ്ഞിന്റെ തണുപ്പ് കിടുകിടുപ്പിച്ചുതുടങ്ങിയിരിന്നു. പക്ഷേ പൊടിമണ്ണിലെ പട്ടിയുറക്കം വശപ്പെടില്ലെന്നായപ്പോള്‍ പുതപ്പുകവചവുമായി എഴുന്നേറ്റു. താഴ്വരയിലെ കാഴ്ച ആത്മാനന്ദത്തിന്റെ ചൂടുപകര്‍ന്നു. കണ്ണു ചിമ്മാത്ത വൈദ്യുതദീപങ്ങള്‍ നോക്കെത്തുന്ന ദൂരം വരെയും പടര്‍ന്നു കണ്ടു. ആകാശതാരകള്‍ ഒന്നാകെ താഴേയ്ക്കു നിപതിച്ച പോലെ! ബഹിരാകാശം കാല്‍കീഴിലാണെന്നു തോന്നിപ്പോയി! കാതടപ്പിക്കുന്ന ഒരുതരം നിശ്ശബ്ദതയും. ബഹിരാകാശസങ്കല്‍പ്പത്തിന്‍ ആ നിശ്ശബ്ദത പൂര്‍ണ്ണത നല്‍കി.
പ്രഭാതം!
കോട്ടമലയ്ക്കു മുകളില്‍ ആകാശം ആദ്യം നരച്ചും പിന്നെ വെളുത്തു തിളങ്ങിയും. നിഴലുപോലെ നിന്നിരുന്ന കോട്ടമലയുടെ പള്ളയില്‍ മരങ്ങളും കുറ്റിച്ചെടികളും ഹ്രിദ്യമായി തെളിഞ്ഞുവന്നു. മലഞ്ചെരിവുകളിലെ ഇരുളില്‍ നിന്നും പക്ഷികള്‍ ഉറക്കെ കോട്ടുവായിട്ടു പറന്നുയര്‍ന്നു. താഴ്വരയില്‍ വിളറിത്തുടങ്ങിയിരുന്ന പ്രകാശബിന്ദുക്കള്‍ ഒന്നടങ്കം അപ്രത്യക്ഷമായി. ആ പ്രഭാതം കോട്ടമലയ്ക്കു സമര്‍പ്പിക്കുവാന്‍ ഞങ്ങള്‍ തയ്യാറെടുത്തു. സൂര്യോദയം കാണേണ്ടത് കിഴക്കു തലയെടുത്തുപിടിച്ചുനില്‍ക്കുന്ന ആ മലയില്‍ നിന്നാണ് .
രാത്രിയില്‍ അഭയം തന്ന മൊട്ടമലയെ മാനത്തെയ്ക്കുയര്‍ത്തി ഞങ്ങള്‍ മലയിറങ്ങി. താഴ്വരയിലെത്തിയപ്പോള്‍ കോട്ടമല ബാലികേറാമല പോലെ കാണപ്പെട്ടു. സഹയാത്രികര്‍ മലകയറി തിരികെയെത്തും വരെ താഴ്വരയിലെ പുല്‍ക്കാട്ടില്‍ വിശ്രമിയ്ക്കാമെന്നു പറഞ്ഞ് മറ്റുള്ളവരില്‍ നിന്നും പിന്‍വാങ്ങി. ലംബകോണില്‍ മുകളിലേയ്ക്കു കയറിപ്പോകുകയായിരുന്ന സ്നേഹിതര്‍ ലില്ലിപ്പുട്ടുകാരുടെ രൂപം കൈക്കൊണ്ടപ്പോള്‍ പെട്ടെന്നൊരാവേശം വന്നു. ആ ആവേശത്തില്‍ പുല്‍മേട്ടിലെ നന്നായി തെളിഞ്ഞിട്ടില്ലാത്ത ഊടുവഴിയിലൂടെ മുകളിലേയ്ക്ക് ഓടിക്കയറി. മുകളില്‍ ഒരു കൂറ്റന്‍ പാറയ്ക്കപ്പുറത്തേയ്ക്കു സ്നേഹിതര്‍ മറഞ്ഞുകഴിഞ്ഞിരുന്നു. ഞാന്‍ പിന്തുടരുന്നതറിയാതെ അവരാരെങ്കിലും താഴോട്ടൊരു കല്ലുരുട്ടിയാല്‍ ഈ ചെങ്കുത്തില്‍ ഞാനെത്ര നിസ്സഹായനായിരിക്കുമെന്നോര്‍ത്തപ്പോള്‍ ഉള്‍ക്കിടിലം തോന്നി.
വയ്യെന്നു വച്ചിട്ട് പിറകെ ചെന്നതു കണ്ട് ആ ഉത്തുംഗതയിലും മുംബേ പോയിരുന്നവര്‍ സ്വതസിദ്ധമായ രീതിയില്‍ കൂക്കിവിളിയോടെ എന്നെ എതിരേറ്റു. സൂര്യന്‍ കണ്ണഞ്ചിയ്ക്കുന്ന വെള്ളിക്കവചം ധരിച്ചുകഴിഞ്ഞിരുന്നു. തൊട്ടുകിഴക്കുള്ള പൊന്മുടിമലയുടെ ഉച്ചിയില്‍ നിന്നും വെയിലില്‍ തിളങ്ങുന്ന കട്ടിയുള്ള മൂടല്‍മഞ്ഞ് ഇപ്പുറത്തെ ഇരുളിലേയ്ക്ക് തുളുംബി നിന്നു— കരിപിടിച്ച പാല്‍പ്പാത്രത്തില്‍ നിറഞ്ഞുതുളുംബുന്ന പാല്പത പോലെ!
അതുതന്നെ നോക്കി നിന്നപ്പോള്‍ മലകയറ്റമെന്ന ശരീരാദ്ധ്വാനത്തിനുള്ള പൂര്‍ണ്ണവിരാമം ഈ കാഴ്ച തന്നെയെന്ന് അനുഭവപ്പെട്ടു.
ഒടുവില്‍ ...
ആരുടെയോ വാച്ചില്‍ മണിക്കൂറിന്റെ യന്ത്രക്കിളി ചിലച്ചപ്പോള്‍ അവരോഹണത്തിനുള്ള എഴുന്നേറ്റമായി. താഴെയുള്ള ചോലക്കാട്ടില്‍ പതിവച്ചിരിയ്ക്കുന്ന മരച്ചീനി പാകം ചെയ്ത്, തലേന്നത്തെ അത്താഴബാക്കിയായ ഇറച്ചിക്കറിയില്‍ തൊട്ടു തിന്നാലേ മലയിറക്കത്തിനുള്ള ഇന്ധനമാവൂ. പിന്നെ, താഴ്വരയില്‍ വട്ടം ചുറ്റുന്ന മുഖ്യധാരാജീവിതത്തിന്റെ ഭാഗമാവണം; എത്തിപ്പിടിയ്ക്കേണ്ട ലക്ഷ്യങ്ങള്‍ക്കും പൂരിപ്പിയ്ക്കേണ്ട വഗ്ദാനങ്ങള്‍ക്കുമായി കസര്‍ത്തു തുടരണം…
തലേന്ന്, കോട്ടമലയേക്കളുയരത്തില്‍ പറന്നിരുന്ന ഭാവനകളുടെ നിഴലില്‍ യഥാര്‍ത്ഥ്യബോധം താഴേയ്ക്കു വലിച്ചുപിടിച്ചുതുടങ്ങിയതു കൊണ്ടാവണം, മലയിറക്കം അതിവേഗവും വേദനാജനകവുമായിരുന്നു.
*** *** ***