Friday, 27 September 2013

സ്നേഹം സകലതുമാണ്


സ്നേഹം വാചാലമാണ്
പക്ഷെ നിശ്ശബ്ദമാണ്
ഒരു നോട്ടത്തിലുണ്ടത്,
ചിലപ്പോളൊരു വാക്കിലും,
ഒരു നിശ്വാസത്തിലും,
അങ്ങു ദൂരേയ്ക്കുള്ളൊരു നോക്കിലും.

സ്നേഹം ചിലപ്പോള്‍ ശ്രദ്ധയാണ്
ചിലപ്പോളതശ്രദ്ധയും,
സ്നേഹം ചിലപ്പോള്‍ സ്നേഹമാണ്
മറ്റു ചിലപ്പോളതു വെറുപ്പും
വെറുപ്പു മുറ്റി സ്നേഹമുണ്ടാകുന്നു,
സ്നേഹം മൂത്ത് വെറുപ്പും.

സ്നേഹമൊരു വിങ്ങലാണ്
ചിലപ്പോളതാശ്വാസവും.
ചിലപ്പോളൊരു കൈത്താങ്ങും
ചിലപ്പോളതൊരു ഭാരവും

സ്നേഹം ജീവിയ്ക്കാനൊരു ചോദനയാണ്
ചിലപ്പോള്‍ മരിയ്ക്കാനൊരു കാരണവും
ചിലപ്പോളതു ചപലമാണ്
ചിലപ്പോള്‍ ശക്തിയും

ഉയര്‍ച്ചതാഴ്ചകളാണ് ജീവിതം
നിശ്ചലമായാലത് മ്രിതമാവും
സ്നേഹമമ്രിതമാണ്
അമരവുമനശ്വരമാണ്.

കാത്തിരിപ്പാണ് സ്നേഹം
സ്നേഹത്തില്‍ ‘ഞാന്‍’ ഇല്ല,
ഉള്ളതെല്ലാം ‘നീ‘ മാത്രം.
നിബന്ധനയില്ല, നിര്‍ബന്ധമില്ല,
ദിക്കു കെട്ടൊരു പ്രവാഹമാണത്.

സ്നേഹത്തില്‍ നീ വിധാതാവും
ഞാന്‍ വിധേയനുമാണ്
ഞാനൊരൊഴുക്കും
നീയെന്റെ തീരങ്ങളുമാണ്.

മൌനത്തില്‍ സ്നേഹം വിതയ്ക്കും
കാത്തിരിപ്പിലതു മുളയ്ക്കും
സമര്‍പ്പണത്തിലതു തഴയ്ക്കും
സര്‍വ്വസ്വീകാരത്തിലതു പൂക്കും.
അനന്തതയായതു പരക്കും.

26/09/2013


നിരാസം സ്വീകാരമാവുംബോള്‍


നിരാസം സ്വീകാരമാവുംബോള്‍

വെറുപ്പിന്റെ പുഴുക്കള്‍

സ്നേഹത്തിന്റെ വര്‍ണ്ണച്ചിറകിലേറി

യൂരു ചുറ്റും.

പിന്നെന്നും കല്ലേറിനു പകരം

പൂമാല മാത്രം.



നിരാസം സ്വീകാരമാവുംബോള്‍

ചെളി വളമാകും,

ജലം ശ്വാസം മുട്ടിക്കാതെ

പ്ലവനതത്വം പടിപ്പിക്കും,

ജലത്തിനു മേലുയര്‍ന്ന്

പിന്നെ നനവു കിനിയാത്ത

പൂവു മാത്രം.





നിരാസം സ്വീകാരമാവുംബോള്‍

വലിയൊരു രൂപാന്തരണം നടക്കും,

പുഴുവില്‍ നിന്നും ശലഭവും

ചെളിയില്‍ നിന്നും ലില്ലിപ്പൂവും

വെറുപ്പില്‍ നിന്നും സ്നേഹവും

എന്നിങ്ങനെ അത്ഭുതങ്ങള്‍ മാത്രം.



എന്നാലൊരു വ്യവസ്ഥ മാത്രം:

നിരാസത്തിന്റെ കൂടു വിട്ട്

സര്‍വ്വസ്വീകാരത്തിന്റെ കൂട്ടിലേറിയാല്‍ മാത്രം!

25/09/2013

Sunday, 1 September 2013

പ്രകാശത്തിന്റെ വഴി




ഞാന്‍ ചോദിച്ചു : “ എന്റെ കണ്ണുകളെപ്പറ്റി എന്തു പറയുന്നു?”

അവന്‍ പറഞ്ഞു, അവ നിന്റെ പാതയിലുറപ്പിച്ചു നിര്‍ത്തുക.



“എന്റെ വികാരങ്ങളോ?”

അവ എരിഞ്ഞു കൊണ്ടിരിക്കട്ടെ,



“അപ്പോള്‍ എന്റെ ഹ്രിദയം?” 

അതിനുള്ളിലെന്താണെന്നു പറയൂ,

“വേദനയും ദു:ഖവും!”



അപ്പോള്‍ അവന്‍ പറഞ്ഞു:

“അങ്ങിനെ തുടരുക,

മുറിവുകളാണ് നിന്നിലേയ്ക്കുള്ള പ്രകാശത്തിന്റെ വഴി!”

--റുമി‌--


Saturday, 31 August 2013

11. ഉഷ്ണമഴ


മഴതാളം കേള്‍ക്കുംബോള്‍
ദ്രുതതാളം ഹ്രിദയത്തില്‍
ഒരു തീച്ചൂടുണരുന്നു
ദഹനാംശം തിരയുന്നു.

സിരകള്‍ കാട്ടില്‍ പടരും
അതിബലമാം ലതകള്‍ പോല്‍
പിണയാനൊരു ഗതി തേടൂ
അഹമിഹയാ കുതികൊള്‍വൂ

ജലധൂളിയില്‍ മഴവില്ലുകള്‍
പ്രണയത്തിന്‍ നിറമേറ്റേ
ഗതകാലം നല്‍ സ്മ്രിതിയാ-
യുള്ളില്‍ തിറ പാടുന്നു.

ശീതക്കാറ്റുടനെത്തീ-
യുള്‍ച്ചൂടു കുളിര്‍ക്കാനായ്
ചെറുരോമച്ചുവടുകളില്‍
വിടവുകളില്‍ മുകരുന്നു.

ജ്രിംഭിയ്ക്കും മെയ്മുകളില്‍
മൂടാന്‍ മറുമെയ്യില്ലാ-
തലയുന്നു മനോമുകുരം
പിടയും ദുര്‍ബലഗാത്രം.

മിന്നലുകള്‍ കുഴമണ്ണില്‍
പുതുപാത തുറക്കുംബോള്‍‍
മഴനീരതി ദ്രുതഗതിയില്‍ 
ഭൂഗര്‍ഭമണയ്ക്കുംബോള്‍.

ചിന്തകളെന്‍ നെഞ്ചുള്ളില്‍
ഇടമുറിയാതെ കിതയ്ക്കുംബോള്‍
ശയ്യയിലെന്‍ തപഗാത്രം
നീരാവിയുതിര്‍ക്കുംബോള്‍

എവിടെവിടെ പ്രിയസഖി നീ
പതയുന്നെന്‍ കാമനകള്‍
വിരഹത്തിന്‍ മരുമണലില്‍ 
ചുടുമഴയായ് പെയ്തുറയാന്‍.


(19/08/1998)

Wednesday, 28 August 2013

10.കവി

ചെയ്യുന്നതെല്ലാം തെറ്റും
ചൊല്ലുന്നതെല്ലാം പിഴവും
കാണുന്നതെല്ലാം കനവും
ഓര്‍ക്കുന്നതെല്ലാം ഭ്രാന്തും:
കവിലക്ഷണമിതെങ്കില്‍
ഞാനെന്നേ കവിയായി!


25 / 06/ 1998 


Wednesday, 21 August 2013

9. കള്ളവോട്ട്.

വോട്ടെന്നാല്‍:
നെയ്യപ്പം പോലെയും
നെല്ലരി പോലെയും
ആളെണ്ണം കൂടിയാല്‍
തീരുന്ന സാധനം!

വോട്ടു കൊടുക്കുവാന്‍
നേരത്തെ പോകണം,
നേരം വൈകിയാല്‍
ആളൊട്ടു മാറിയാല്‍
ആരുണ്ടു വോട്ടിന്റെ
ഈച്ചയടിയ്ക്കുവാന്‍?

ആര്‍ത്തി പെരുത്തവര്‍,
അധികാരക്കൊതിയിട്ടച്ചവര്‍,
ആരാന്റെ വോട്ടെല്ലാം
വെട്ടി വിഴുങ്ങുംബോള്‍
കണ്ടില്ല ഞാനെന്ന
ഭാവം നടിയ്ക്കുന്നു,
പാറാവു ജോലിയില്‍
കാക്കി ധരിച്ചവര്‍!

ഇതു ജനാധിപത്യത്തിന്‍
പദസേവയാകുന്നു,
വോട്ടിന്റെ പേരിലീ
പാഴ്നട വേണ്ടിനി.

വോട്ടിന്റെ കുത്തക 
പാര്‍ട്ടിക്കു നല്‍കുക,
സ്വസ്ഥമായ് ടീവീയ്ക്കു 
മുന്നിലിരിയ്ക്കുക.
ഭരണം നടത്തുവാന്‍
നെഞ്ചൂക്കുണ്ടെങ്കില്‍
ഭരണം പിടിയ്ക്കുവാന്‍
കയ്യൂക്കു വേണ്ടയോ!


( 28/ 06/ 1998)


8. പെരുമഴ

പള്ളിക്കൂടം വിട്ടിറങ്ങുന്ന
ഇത്തിരിക്കുഞ്ഞന്മാരുടെ ആരവത്തോടെ,
ഇരംബിയാര്‍ത്തു കുതിച്ചിറങ്ങുന്ന
വിമാനം പോലെ,
പെട്ടെന്നുയര്‍ന്നു തലയ്ക്കുമീതേ പതിയ്ക്കുന്ന
തിരമാല പോലെ,
കെട്ടുവിട്ട നിയന്ത്രണം പോലെ,
പട്ടാളച്ചിട്ടയില്‍...
നേര്‍വരയില്‍...
നിരന്നു മുന്നേറുന്ന പെയ്ത്തുയാത്ര--
പെരുമഴ!


(25/ 06/ 1998)

Tuesday, 20 August 2013

7. ബീഡിപ്പുക.

           


നേരത്തു വന്നെത്താ-വണ്ടിയെക്കാത്തെന്റെ
യായുസ്സുരുകുംബോള്‍,

എതിരേയിരിയ്ക്കുന്ന പെണ്‍കുട്ടി തന്‍
പരീക്ഷാനേരമോര്‍ത്തു കണ്ണുതുടയ്ക്കുംബോള്‍,

ആശുപത്രിമുറ്റത്തു നീളുന്ന വരിയില്‍ താന്‍
പിന്നോക്കമാകുമെന്നോര്‍ത്തു
പുലംബിയാ വ്രിദ്ധ മടുക്കുംബോള്‍,

മധ്യേയിരിക്കുന്ന വ്രിദ്ധന്റെ ചുണ്ടു
പിളര്‍ന്നിട്ടു പൊങ്ങിപ്പരക്കുന്നു
നീലിച്ച ബീഡിപ്പുക!

വൈകുന്ന വണ്ടിയെശ്ശാസിച്ച നാവുകള്‍
സ്വന്തം വിധിയോര്‍ത്തു ഖേദിച്ച മനസ്സുകള്‍
എല്ലാം നിശ്ശബ്ദമീ ബീഡിപ്പുകക്കീഴില്‍!

ഒടുവിലിന്നാട്ടിലെ യാത്രതന്‍ ക്ലേശത്തെ-
യൊന്നാകെയുള്‍ക്കൊണ്ടൂളിയിട്ടെത്തിയ വണ്ടിയും
പാതിയ്ക്കു വച്ചിനി വയ്യെന്നു ചൊന്നതും
അവസരം പാര്‍ത്തിരുന്നെന്ന പോല്‍ വണ്ടിയില്‍
വന്നു നിറയുന്നു ബീഡിപ്പുക!

വൈകിട്ടൊരിത്തിരി വായു നുകരുവാന്‍
മണ്‍പാതയേറിക്കവാത്തു നടത്തവേ,
എതിരേവന്ന കുമാരനുമെന്‍ മുഖ-
ത്താഞ്ഞൂതി വിട്ടതും ബീഡിപ്പുക!

രാത്രിയിലുത്സവ മേളം മുറുകവെ,
അംബലമുറ്റത്തു പിന് വീളി പേടിച്ചു ചമ്രം പടയവെ,
മുന്നിലും പിന്നിലും സറ്വമെന്‍ ചുറ്റിലും
പടരുന്നു നീലിച്ച ബീഡിപ്പുക!

ശ്വാസം മടുത്തു ഞാന്‍ പുറലോകമണയുവാന്‍
പഴുതു തിരക്കവെ
ഉള്‍വിളി പോലെന്തോ വന്നു പതിച്ചെന്റെ ചെവി രണ്ടിലും:
“സര്‍വത്രവ്യാപിയാമിപ്പുകബീഡിയെ-
പ്പേടിച്ചുപോയെങ്ങു നീയൊളിയ്ക്കും?
കാണുക ദൈവത്തിന്‍ സാന്നിദ്ധ്യമിപ്പുക-
ക്കെട്ടില്‍ നീ ബീഡിയ്ക്കു കൈ കൂപ്പുക!”


(31/05/1998)

Wednesday, 10 July 2013

6. മരണം .

കുത്തനെ  നിർത്തിയ  ബ്ലേഡിൽ
കുത്തനെ നോക്കിയാൽ കാണുന്ന
നേർവരയത്രേ മരണം!

മിന്നിത്തിളങ്ങുന്നൊരാ വരയിൽ
തൊട്ടുവെങ്കിൽ ചോരപ്രളയം .
 ഈ നേർവരയാണ് മരണം !

രോഗിതൻ ശയ്യയ്ക്കു കാവലിരിക്കുന്ന
ബന്ധുബലത്തിനും ,
സ്റ്റെതസ്കൊപ്പു തൂങ്ങുന്ന തൂവെള്ളക്കോട്ടിന്റെ-
യുള്ളിൽ മിടിയ്ക്കുന്ന വൈദ്യന്റെ ഹൃത്തിനും,
കൊതുകുകൾ  തോല്ക്കുന്ന വലയിട്ട ജനലിനും,
തടയിടാനാകാതെ ,
ശയ്യയിൽ നീണ്ടെത്തും,
നേർവരയാകുന്നു മരണം !

ജീവന്റെയാദ്യക്കരച്ചിലിൽ നീണ്ടെത്തി ,
പെറ്റമ്മയെക്കരയിയ്ക്കും,
നെറികെട്ട നേർവരയാകുന്നു മരണം!

ലക്‌ഷ്യം കുറിച്ചിട്ട്,
ഇരയെത്തും വരെയൊട്ടു കാത്തൊന്നിരുന്നിട്ട് ,
ഋജുവായി നീളുന്ന ലേസർ കിരണമായ് ,
വന്നെത്തുവതത്രേ മരണം!

ഇനിയും പലതാണു മരണം:
സിക്സർ പറത്തുവാൻ പന്തൊന്നെറിഞ്ഞിട്ട് ,
പിന്നത്തെ പന്തിലാ കുറ്റി തെറിപ്പിയ്ക്കും,
ഫാസ്റ്റു ബൗളറാകുന്നു മരണം!

ആവോളം മേയുവാൻ വിട്ടിട്ടു പെട്ടെന്ന്,
കത്തിവയ്ക്കുന്ന കാശാപ്പുകാരൻ  തന്നെ മരണം!

കുളിർകാറ്റിലാട്ടി, മാനത്തേയ്ക്ക് പോറ്റി,
വന്കാറ്റായ് വന്നു കടപുഴക്കുന്നൊരു-
ക്രൂരവിനോദം മരണം!

വിട്ടയച്ചിട്ടു പിന്നാമ്പുറം നോക്കി,
വെടിവച്ചു വീഴ്ത്തുന്ന,
ഭീകരനാകുന്നു മരണം!

ഭീരുവിന്നുള്ളിൽ കുടിയിരുന്നിട്ടു-
രാപകൽ നീറ്റുന്ന,
ദുഷ്ചിന്തയാകുന്നു മരണം!

കൂസലില്ലാത്തൊരു മർത്ത്യന്റെ ,
പിന്നാലെ കൂടി,
തക്കം വരുമ്പോൾ പ്രഹരിച്ചമർത്തുന്നോ-
രിരുട്ടടിയാകുന്നു മരണം!

എത്ര തടുത്താലും
കാന്തമായ് സ്പന്ദിയ്ക്കും
ഇരുളിൻ കിടങ്ങാണ് മരണം!

എല്ലാമറിഞ്ഞിട്ടും
മരണത്തെയിന്നെന്റെ കൂട്ടായ് കരുതുന്ന-
മൂഡനോ ചതുരനോ ഞാൻ!

             ***

2 6 / 5 / 1 9 9 8 

Sunday, 7 July 2013

5 .തീരുമാനം

 


പറയു നീയെന്റെ ആത്മമിത്രമേ,
ചപലമല്ലേയിന്നെന്റെ മോഹം?
ചവിട്ടിനിൽക്കുവാൻ പൂഴിയില്ലാത്ത്ത ഞാൻ ,
പൂതി കൊണ്ടിന്നെന്തു നേടുവാൻ?

എത്രനാൾ  ഞാനെന്റെ കണ്ണുകൾ
അനന്തതയിലേക്കു പായിച്ചു നിർത്തി!
കണ്ടില്ല കരിമഷിക്കണ്ണിൻ തിളക്കവും,
കേട്ടില്ലിളം കാലിൻ ചിലങ്കക്കിലുക്കവും.

ഗൃഹസ്ഥനാകുവാൻ കിനാവ്‌ കണ്ടില്ല,
മനുഷ്യനാകുവാൻ പഴുതുകൾ തേടി;
ഒളിപ്പോരിനെത്തിയ കാമദേവനെ
അവഗണിച്ചു ഞാൻ പിണക്കിയോടിച്ചു.

ഒടുവിൽ ഞാനെന്റെ മിഴികൾ താഴ്ത്തിയോ-
രിളം മനസ്സിന്റെ തരളതയിൽ;
സ്വയമറിയാതെ പുതഞ്ഞു പോയിനി
തിരിഞ്ഞു മാറുവാൻ മനസ്സുമൊട്ടില്ല!

മനസ്സ് പിന്നോട്ടടിച്ചു പതിനാറി-
ന്നസ്ഥിപഞ്ജരം കണ്ടെടുക്കുന്നു!
അതേ മനപ്പിടച്ചിലിൽ സദാ
വിചാരങ്ങൾ കൂടിപ്പിണഞ്ഞു നോവുന്നു.

പുതുപ്രണയത്തിൻ ഭവിഷ്യത്തു  നോക്കി
സ്വയം ഭാവിയെ മറന്നു പോകുന്നു;
കാറ്റടിക്കുന്ന കുളുർമയിൽ പോലും
പ്രണയിനി തന്റെ ശ്വാസം മണക്കുന്നു.

മറുക്ഷണമോർക്കു സ്നേഹത്തിനിക്കാലം
വിലയിടിവത്രേ ലോകനീതിയിൽ ;
ധനമെന്ന രണ്ടക്ഷരത്തിന്റെ
ധ്വനി മുഴങ്ങുമീ പാരിലാകെയും.

വയ്യെനിക്കെന്നാലുമോടിയൊളിക്കുവാൻ ,
വരും വരായ്കകൾ കരുതി നേരിടാം;
മനസ്സിലെ ശരി കുരുതി നല്കിയി-
ട്ടിണ പുതുക്കുവാൻ ഉരുവല്ല ഞാൻ!

              *****

1 9 / 5 / 1 9 9 8 

4. (അതുനാധന) സ്നേഹം

 


ചന്ദ്രന്റെ  ചൂടു പോലെ ,
കുയിലിന്റെ കൂടു പോലെ,
ചെമ്പരത്തിയുടെ പൂമണം പോലെ ,
 തെണ്ടിയുടെ കുമ്പസാരം പോലെ ,
മൂകന്റെ പാട്ടുപോലെ ,
പെരുമഴയിൽ തീവെയിൽ പോലെ,
കൊടും വെയിലിൽ ആലിപ്പഴവർഷം പോലെ,
ചായക്കോപ്പയിൽ കൊടുങ്കാറ്റുപോലെ,
കാതുപിളർക്കുന്ന നിശ്ശബ്ദത പോലെ,
മനുഷ്യന്റെ സ്നേഹം!

സ്വാർഥത്തിന്റെ പ്രകാശം പതിച്ചാൽ ,
സ്നേഹം ചന്ദ്രനെപ്പോലെ,
സ്വാർഥം കഴിഞ്ഞാൽ ,
ഗ്രഹണം പിടിച്ച സൂര്യനെപ്പോലെ.

പ്രകടനമാകുന്ന സ്നേഹം
ഗന്ധമില്ലാത്തതാണു ;
ഒഴുകാൻ മടിക്കുന്ന
മഞ്ഞുറവയാണു  സ്നേഹം.

വെയിലിന്റെ ഊഷ്മളത
ഇന്നത്തെ സ്നേഹത്തിനില്ല;
റൂഷിട്ട ശവത്തിന്റെ
ചന്തവും മരവിപ്പുമാണതിനു.

ഇന്ന് സ്നേഹം തൊട്ടാവാടിയല്ല;
വാടാത്ത, വിടരാത്ത പ്ലാസ്റ്റിക് പുഷ്പമാണ്‌.

സിനിമയിൽ
നായികാനായകർക്കു മരം ചുറ്റാനുള്ള
ഒഴികഴിവാണ് സ്നേഹം!

രാഷ്ട്രീയക്കാരന്
പണത്തിന്റെ, പദവിയുടെ, പര്യായമാണ് സ്നേഹം!

കച്ചവടത്തിൽ
കള്ളത്തൂക്കിനുള്ള വെള്ളപൂശാണ് സ്നേഹം!

ചൂഷിതന്
ദൗർബല്യം എന്ന ഒഴിയാബാധയാണ് സ്നേഹം!

കുമാരിമാർക്ക്
പ്രേതത്തെക്കാൾ ഭീതിദമാണ്  പ്രേമം !

സ്നേഹം...
സുഖസ്വപ്നത്തോളം സുഖദമാകുന്നു;
പ്രചോദനമാകുന്നു,
പക്ഷെ സങ്കല്പമാകുന്നു;
അയഥാർഥമാകുന്നു;
അതിനാൽ ,
ഞാനീ സ്നേഹവിലാപം
എന്നിലേക്കൊതുക്കുന്നു.

              ***


(2 2 / 5 / 1 9 9 8 )


Saturday, 6 July 2013

3.ധൈര്യം

  

കള്ളം ചെയ്യാനുളള ചോദനയല്ല ധൈര്യം ,
ദുർബലനോട്  എതിർക്കുന്നതല്ല ,
കള്ളു കുടിച്ചു തെറി പറയുന്നതല്ല ,
വീംബു പറയാനുള്ള പിടിപ്പുകേടുമല്ല ധൈര്യം .

ശരിയോടെന്നും അതെയെന്നു ചൊല്ലാൻ ,
ശരികേടു വേണ്ടെന്നു വയ്ക്കാൻ ,
വിശ്വസിക്കുന്നവനോട് ഉള്ളു  തുറക്കാൻ ,
ഉള്ളിലെ ഒഴുക്കിനോടു ചേർന്നൊഴുകാൻ ,
യാഥാർഥ്യം മനസ്സിലാക്കാൻ ,
തന്നോടുതന്നെ നീതി പുലർത്താൻ ,
ചിലർക്കു മാത്രമുള്ള കഴിവാണ് ധൈര്യം.
                       ****


5/ 5/ 1998