Sunday, 7 July 2013

4. (അതുനാധന) സ്നേഹം

 


ചന്ദ്രന്റെ  ചൂടു പോലെ ,
കുയിലിന്റെ കൂടു പോലെ,
ചെമ്പരത്തിയുടെ പൂമണം പോലെ ,
 തെണ്ടിയുടെ കുമ്പസാരം പോലെ ,
മൂകന്റെ പാട്ടുപോലെ ,
പെരുമഴയിൽ തീവെയിൽ പോലെ,
കൊടും വെയിലിൽ ആലിപ്പഴവർഷം പോലെ,
ചായക്കോപ്പയിൽ കൊടുങ്കാറ്റുപോലെ,
കാതുപിളർക്കുന്ന നിശ്ശബ്ദത പോലെ,
മനുഷ്യന്റെ സ്നേഹം!

സ്വാർഥത്തിന്റെ പ്രകാശം പതിച്ചാൽ ,
സ്നേഹം ചന്ദ്രനെപ്പോലെ,
സ്വാർഥം കഴിഞ്ഞാൽ ,
ഗ്രഹണം പിടിച്ച സൂര്യനെപ്പോലെ.

പ്രകടനമാകുന്ന സ്നേഹം
ഗന്ധമില്ലാത്തതാണു ;
ഒഴുകാൻ മടിക്കുന്ന
മഞ്ഞുറവയാണു  സ്നേഹം.

വെയിലിന്റെ ഊഷ്മളത
ഇന്നത്തെ സ്നേഹത്തിനില്ല;
റൂഷിട്ട ശവത്തിന്റെ
ചന്തവും മരവിപ്പുമാണതിനു.

ഇന്ന് സ്നേഹം തൊട്ടാവാടിയല്ല;
വാടാത്ത, വിടരാത്ത പ്ലാസ്റ്റിക് പുഷ്പമാണ്‌.

സിനിമയിൽ
നായികാനായകർക്കു മരം ചുറ്റാനുള്ള
ഒഴികഴിവാണ് സ്നേഹം!

രാഷ്ട്രീയക്കാരന്
പണത്തിന്റെ, പദവിയുടെ, പര്യായമാണ് സ്നേഹം!

കച്ചവടത്തിൽ
കള്ളത്തൂക്കിനുള്ള വെള്ളപൂശാണ് സ്നേഹം!

ചൂഷിതന്
ദൗർബല്യം എന്ന ഒഴിയാബാധയാണ് സ്നേഹം!

കുമാരിമാർക്ക്
പ്രേതത്തെക്കാൾ ഭീതിദമാണ്  പ്രേമം !

സ്നേഹം...
സുഖസ്വപ്നത്തോളം സുഖദമാകുന്നു;
പ്രചോദനമാകുന്നു,
പക്ഷെ സങ്കല്പമാകുന്നു;
അയഥാർഥമാകുന്നു;
അതിനാൽ ,
ഞാനീ സ്നേഹവിലാപം
എന്നിലേക്കൊതുക്കുന്നു.

              ***


(2 2 / 5 / 1 9 9 8 )


No comments:

Post a Comment