Wednesday, 10 July 2013

6. മരണം .

കുത്തനെ  നിർത്തിയ  ബ്ലേഡിൽ
കുത്തനെ നോക്കിയാൽ കാണുന്ന
നേർവരയത്രേ മരണം!

മിന്നിത്തിളങ്ങുന്നൊരാ വരയിൽ
തൊട്ടുവെങ്കിൽ ചോരപ്രളയം .
 ഈ നേർവരയാണ് മരണം !

രോഗിതൻ ശയ്യയ്ക്കു കാവലിരിക്കുന്ന
ബന്ധുബലത്തിനും ,
സ്റ്റെതസ്കൊപ്പു തൂങ്ങുന്ന തൂവെള്ളക്കോട്ടിന്റെ-
യുള്ളിൽ മിടിയ്ക്കുന്ന വൈദ്യന്റെ ഹൃത്തിനും,
കൊതുകുകൾ  തോല്ക്കുന്ന വലയിട്ട ജനലിനും,
തടയിടാനാകാതെ ,
ശയ്യയിൽ നീണ്ടെത്തും,
നേർവരയാകുന്നു മരണം !

ജീവന്റെയാദ്യക്കരച്ചിലിൽ നീണ്ടെത്തി ,
പെറ്റമ്മയെക്കരയിയ്ക്കും,
നെറികെട്ട നേർവരയാകുന്നു മരണം!

ലക്‌ഷ്യം കുറിച്ചിട്ട്,
ഇരയെത്തും വരെയൊട്ടു കാത്തൊന്നിരുന്നിട്ട് ,
ഋജുവായി നീളുന്ന ലേസർ കിരണമായ് ,
വന്നെത്തുവതത്രേ മരണം!

ഇനിയും പലതാണു മരണം:
സിക്സർ പറത്തുവാൻ പന്തൊന്നെറിഞ്ഞിട്ട് ,
പിന്നത്തെ പന്തിലാ കുറ്റി തെറിപ്പിയ്ക്കും,
ഫാസ്റ്റു ബൗളറാകുന്നു മരണം!

ആവോളം മേയുവാൻ വിട്ടിട്ടു പെട്ടെന്ന്,
കത്തിവയ്ക്കുന്ന കാശാപ്പുകാരൻ  തന്നെ മരണം!

കുളിർകാറ്റിലാട്ടി, മാനത്തേയ്ക്ക് പോറ്റി,
വന്കാറ്റായ് വന്നു കടപുഴക്കുന്നൊരു-
ക്രൂരവിനോദം മരണം!

വിട്ടയച്ചിട്ടു പിന്നാമ്പുറം നോക്കി,
വെടിവച്ചു വീഴ്ത്തുന്ന,
ഭീകരനാകുന്നു മരണം!

ഭീരുവിന്നുള്ളിൽ കുടിയിരുന്നിട്ടു-
രാപകൽ നീറ്റുന്ന,
ദുഷ്ചിന്തയാകുന്നു മരണം!

കൂസലില്ലാത്തൊരു മർത്ത്യന്റെ ,
പിന്നാലെ കൂടി,
തക്കം വരുമ്പോൾ പ്രഹരിച്ചമർത്തുന്നോ-
രിരുട്ടടിയാകുന്നു മരണം!

എത്ര തടുത്താലും
കാന്തമായ് സ്പന്ദിയ്ക്കും
ഇരുളിൻ കിടങ്ങാണ് മരണം!

എല്ലാമറിഞ്ഞിട്ടും
മരണത്തെയിന്നെന്റെ കൂട്ടായ് കരുതുന്ന-
മൂഡനോ ചതുരനോ ഞാൻ!

             ***

2 6 / 5 / 1 9 9 8 

No comments:

Post a Comment